Unais MK
4 min readMay 1, 2018

രാമേശ്വരത്തേക്ക്...!

ഒരാഴ്ച മുമ്പാണ് റാഷി ( നമ്മടെ പൂക്കുറ്റി ) ഒരു രാമേശ്വരം യാത്ര പോയാലോ എന്ന് ചോദിക്കുന്നത്. മച്ചാന് ആനവണ്ടി ബ്ളോഗിലെ ഒരു യാത്ര വിവരണം കണ്ട് ഹരം പിടിച്ചതാണ്. അപ്പോള്‍ തന്നെ നമ്മടെ സ്വന്തം സഞ്ചാരി ഗ്രൂപ്പില്‍ കയറി വിവരങ്ങള്‍ എല്ലാം മനസ്സിലാക്കി എറണാകുളം - രാമേശ്വരം സ്പെഷ്യല്‍ ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തു.

ഒരു രാത്രി കേറിക്കിടന്നാല്‍ അടുത്ത ദിവസം രാവിലെ എത്തുന്നതിനാല്‍ തന്നെ ഒരു വലിയ യാത്രയുടെ തയ്യാറെടുപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ചൊവ്വാഴ്ച രാത്രി ഞാനും പൂക്കുവും വിഷ്ണുവും വണ്ടി കയറി. ട്രെയിന്‍ ത്രിശ്ശൂരില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ ഒന്നര മണിക്കൂര്‍ ലേറ്റായതിനാല്‍ അടപലം 3G ആവുമോ എന്നൊരു ചെറിയ പേടിയുണ്ടായിരുന്നു.

പഴനി മലനിരകളെല്ലാം താണ്ടി ട്രെയിന്‍ അടുത്ത ദിവസം രാവിലെ രാമേശ്വരം അടുത്തു. ട്രെയിനില്‍ നിന്ന് നോക്കിയപ്പോ നീല ടാര്‍പായ വലിച്ച് കെട്ടിയത് പോലെയായിരുന്നു ബംഗാള്‍ ഉള്‍ക്കടലിന്‍റെ ദൂരക്കാഴ്ച. രാമേശ്വരം അടുക്കുംതോറും ആ കാഴ്ചയും ഞങ്ങളോട് അടുത്ത് വന്നു. പന്ത്രണ്ട് മണി കഴിഞ്ഞാണ് ട്രെയിന്‍ പാമ്പന്‍ പാലം കേറാന്‍ തുടങ്ങിയത്. തൊട്ടപ്പുറത്ത് തകര്‍ന്നടിഞ്ഞ പഴയ പാമ്പന്‍ പാലവും സാക്ഷിയാക്കി ഡോ. ഇ ശ്രീധരന്‍റെ എന്‍ജിനീയറിംഗ് മികവിലേറി ഞങ്ങള്‍ രാമേശ്വരം എത്തി. ഇരു ഭാഗത്തും കണ്ണെത്താ ദൂരത്തോളം നീലക്കടലിനെ സാക്ഷിയാക്കിയുള്ള ആ യാത്ര ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല.

പാലത്തിന്‍റെ നടുഭാഗത്തെത്തിയപ്പോള്‍ കപ്പല്‍ കടന്ന് പോവാന്‍ ഉണ്ടാക്കിയ ഭാഗത്ത് കൈ തട്ടിയെന്‍കിലും എന്തോ ഭാഗ്യത്തിന് ഫോണ്‍ താഴെ പോയില്ല. അല്ലേല്‍ ഇതൊരു കട്ട ദുരന്ത യാത്ര ആയേനെ.

രാമേശ്വരം എത്തി ഭക്ഷണം കഴിച്ച് ആദ്യം കണ്ടത് ശ്രീ. എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ ജന്‍മഗ്രഹമായിരുന്നു. ഇത്രയും ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് ആ മഹാന്‍ തന്‍റെ കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് ഉയരങ്ങളില്‍ എത്തിയതെന്ന് ഇവിടം സന്ദര്‍ശിച്ചവര്‍ എല്ലാം മനസ്സില്‍ വിചാരിക്കുന്നുണ്ടാവും.
ശേഷം രാമേശ്വരം അമ്പലത്തിന് സമീപത്തെ ബോട്ടിംഗ് ആയിരുന്നു ലക്ഷ്യം. കുറഞ്ഞ ചെലവില്‍ തെളിമയാര്‍ന്ന ബംഗാള്‍ ഉള്‍ക്കടല്‍ ആസ്വദിക്കാന്‍ ലഭിച്ച അവസരമായിരുന്നു അത്.

നേരം വൈകുന്നേരത്തോടടുക്കാന്‍ തുടങ്ങിയിരുന്നു. ഞങ്ങളുടെ സുപ്രധാന ലക്ഷ്യമായ ധനുഷ്കോടി എന്ന പ്രേത നഗരമായിരുന്നു അടുത്ത ലക്ഷ്യസ്ഥാനം. കിട്ടിയ ബസില്‍ കേറി നേരെ ധനുഷ്കോടി വെച്ച് പിടിച്ചു. ബസില്‍ വെച്ച് ഒരു എറണാകുളത്ത് വര്‍ക് ചെയ്യുന്ന ഇടുക്കി സ്വദേശിയേയും കൂട്ടിന് കിട്ടി. മച്ചാനും നമ്മളെപ്പോലെ രാമേശ്വരം ഭ്രാന്ത് തലക്ക് പിടിച്ച് രണ്ടും കല്‍പിച്ചിറങ്ങിയാതാണ്.
ഞങ്ങള്‍ ആദ്യം ധനുഷ്കോടി ടൗണില്‍ ഇറങ്ങി. വീശിയടിച്ച ഒരു ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ പള്ളികളും റെയില്‍വേ സ്റ്റേഷനുകളും സ്കൂളുകളും മറ്റും അവശിഷ്ടങ്ങളായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ആ മഹാ ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ ഈ പ്രദേശം വാസ യോഗ്യമല്ലാത്ത സ്ഥലമായി പ്രഖ്യാപിക്കുകയുണ്ടായി. അതിനാല്‍ തന്നെ വൈകുന്നേരങ്ങളില്‍ വീടുകളിലേക്ക് മടങ്ങുന്ന ചില വഴിയോരക്കച്ചവടക്കാര്‍ മാത്രമേ ഇവിടെ ഇപ്പോള്‍ കാണാന്‍ കഴിയുകയുള്ളൂ.

പ്രേതനഗരം കണ്ടു തീര്‍ത്ത് ധനുഷ്കോടി വ്യൂ പോയിന്‍റില്‍ പോവാന്‍ നില്‍ക്കുമ്പോഴാണ് ഇനി വരാനുള്ളത് ലാസ്റ്റ് ബസ് ആണെന്നും അതില്‍ പോയാല്‍ വളരെ കുറച്ച് സമയം വ്യൂ പോയിന്‍റില്‍ ചിലവഴിച്ച് അതില്‍ തന്നെ തിരിച്ച് വരേണ്ടി വരുമെന്നും അറിഞ്ഞത്. അതു വരെ ഉണ്ടായിരുന്ന ആവേശമെല്ലാം ആ വാര്‍ത്തയില്‍ ചോര്‍ന്ന് പോയി.
എന്നാല്‍ അതിനിടയില്‍ അവിടെ വന്ന ഒരു ലോറിക്കാരന്‍ ഒരാള്‍ക്ക് 50 രൂപ വെച്ച് തന്നാല്‍ അവിടം വരെ എത്തിക്കാം എന്ന വാഗ്ദാനം കേട്ട് മനസ്സില്‍ പൊട്ടിയ ലഡുവുമായി ഞങ്ങള്‍ ലോറിയില്‍ കേറി.

ഒരു വശത്ത് നല്ല അനുസരണയുള്ള കുട്ടിയായി ഒഴുകുന്ന ബംഗാള്‍ ഉള്‍ക്കടലും മറുവശത്ത് ആര്‍ത്തലച്ച് തന്‍റെ താന്തോന്നിത്തരം മുഴുവന്‍ കാണിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രവും, അതിനിടയില്‍ ഏകദേശം ഒന്നര മീറ്റര്‍ ഉയരത്തിലൂടെയുള്ള റോഡിലൂടെയാണ് ഞങ്ങളുടെ ലോറി യാത്ര.

കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കാഴ്ചകള്‍ അന്‍പതല്ല അഞ്ഞൂറ് കൊടുത്താലും ഇങ്ങനൊരു യാത്രക്ക് ഈ ലോറി തിരഞ്ഞെടുത്ത തീരുമാനത്തെ ന്യായീകരിച്ചു. സത്യത്തില്‍ നമ്മള്‍ ഒരു മായാലോകത്തേക്ക് കടക്കുന്നത് പോലെയായിരുന്നു കാഴ്ചകള്‍. ആകാശവും കടലുമെല്ലാം വേര്‍തിരിച്ചറിയാന്‍ കഴിയാത്തത്രയും അടുത്തിരിക്കുന്നു.

കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഡ്രൈവര്‍ ഞങ്ങളെ അങ്ങനെ ഇന്ത്യാ മഹാരാജ്യത്തിന്‍റെ താഴേ മുനമ്പിലെത്തിച്ചു. തമിഴ് പുലികളുമായുള്ള പ്രശ്നങ്ങള്‍ക്ക് മുമ്പ് ഇവ്ടുന്ന് ശ്രീലന്‍കയിലേക്ക് ജന്‍കാര്‍ സര്‍വ്വീസ് ഉണ്ടായിരുന്നത്രേ. ഈ മുനമ്പില്‍ നിന്നും ശ്രീലന്‍കയിലേക്ക് വെറും 36 കിലോമീറ്ററുകള്‍ മാത്രമേയുള്ളൂ എന്നറിയുമ്പോള്‍ സംഭവം സത്യമാണെന്ന് മനസ്സിലാവും.
ധനുഷ്കോടി മുനമ്പില്‍ നില്‍ക്കുമ്പോള്‍ ഒരു വശത്ത് ഇന്ത്യന്‍ മഹാസമുദ്രവും മറു വശത്ത് ബംഗാള്‍ ഉള്‍ക്കടലും തൊട്ട് മുന്നില്‍ ശ്രീലന്‍കയുമാണെന്ന് കാണുമ്പോള്‍ മനസ്സിലാവും മനുഷ്യ നിര്‍മിതമായ അതിര്‍ത്തികളും വിഭജനങ്ങളും എത്ര വലിയ കോമഡിയാണെന്ന്..!
മതിവരുവോളം കാഴ്ചകള്‍ കണ്ട് അന്ന് രാത്രിയിലെ മടക്ക വണ്ടിയില്‍ തന്നെ ഞങ്ങള്‍ ത്രിശ്ശൂരിലേക്ക് മടങ്ങി.

യാത്രകള്‍ വേറെയും പോയിട്ടുണ്ടെന്‍കിലും നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാതെ ഒരിടത്തേക്ക് പോവുമ്പോള്‍ ആ പ്രദേശം നമ്മളെ കാഴ്ചകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന ഒരു അനുഭവമുണ്ടല്ലോ..!
അതാണ് ഈ അനുഭവക്കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

Sign up to discover human stories that deepen your understanding of the world.

Free

Distraction-free reading. No ads.

Organize your knowledge with lists and highlights.

Tell your story. Find your audience.

Membership

Read member-only stories

Support writers you read most

Earn money for your writing

Listen to audio narrations

Read offline with the Medium app

Unais MK
Unais MK

Written by Unais MK

Senior Analyst @ Factspan Analytics | Data Analysis & Business Intelligence | Tableau , Power BI & SQL

No responses yet

What are your thoughts?