കിരണം ബാക്കി വെച്ചത്..!
അവസാന സെമസ്റ്ററില്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ഫെബ്രുവരി 12 ആയിരുന്നു കഴിഞ്ഞ ദിവസം.
ജി.ഇ.സില്‍ വന്നിട്ട് ഏറ്റവും ആദ്യം കേട്ട, ഏറ്റവും പ്രിയപ്പെട്ട ഒയാസിസ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ളബ്ബിന്‍റെ ക്യാംപസ് ജീവിതത്തിലെ അവസാന പ്രോഗ്രാം എന്ന രീതിയില്‍ മനസ്സിലുറപ്പിച്ചിരുന്ന കിരണം നടക്കുന്ന ദിവസം.
കഴിഞ്ഞ വര്‍ഷം മികച്ച പ്രതികരണം ഉണ്ടാക്കിയതിനാല്‍ തന്നെ ഈ വര്‍ഷം ഒരുപാട് കുട്ടികള്‍ ഉണ്ടാവുമെന്ന് ആദ്യമേ പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ സ്റ്റാഫ് കോര്‍ഡിനേറ്റര്‍ മുബാറക് സാറിന്‍റേയും കണ്‍വീനര്‍ സുബിന്‍റേയും നേതൃത്വത്തില്‍ തയ്യാറെടുപ്പുകള്‍ കഴിഞ്ഞ സെമസ്റ്ററിന്‍റെ അവസാനത്തില്‍ തന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ തവണ ആദ്യ കിരണം ആയതിനാല്‍ തന്നെ അതിന്‍റെ ചെറിയ പോരായ്മകളും മറ്റും കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും നിറഞ്ഞ മനസ്സോടെ അംഗീകരിച്ചിരുന്നു. അതിനാല്‍ തന്നെ ഇത്തവണ മികച്ച സൗകര്യങ്ങളും മറ്റും അവര്‍ക്ക് നല്‍കണം എന്നൊരു വാശി തന്നെ വളണ്ടിയേഴ്സിന് ഉണ്ടായിരുന്നു.
പ്രളയം നമ്മടെ ത്രിശ്ശൂരിനേയും നല്ല രീതിയില്‍ ബാധിച്ചിരുന്നതിനാല്‍ ഇതിന് വേണ്ട ഫണ്ട് എങ്ങനെ കണ്ടെത്തുമെന്ന അങ്കലാപ്പൊക്കെ ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നു. എന്നിട്ടും കിരണം'19 ഇത്രയും വിജയമാവാന്‍ കാരണം നമ്മള്‍ അതിന്‍റെ ഓരോ ആവശ്യത്തിനും വേണ്ടി ഓടിത്തളരുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കിരണത്തിന്‍റെ ഏറ്റവും മികച്ച നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജമായിരുന്നു. അവരുടെ അന്നത്തെ ചിരിയുടെ,സന്തോഷത്തിന്‍റെ വലിപ്പം ഒന്നൂടെ കൂട്ടാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളിലൊന്നും ഒയാസിസ് കുടുംബത്തിലെ ഒരാളും അതിനാല്‍ തന്നെ പരാതിയും പരിഭവങ്ങളുമാന്നും പറഞ്ഞിരുന്നില്ല.
കിരണത്തിന് ക്ഷണിക്കാന്‍ വേണ്ടി സ്പെഷ്യല്‍ സ്കൂളുകളിലും ബഡ്‌സ് സ്കൂളുകളിലും പോയ സമയത്ത് അവര്‍ നല്ല പ്രാക്ടീസ് ചെയ്യുന്നതും മറ്റും കാണാന്‍ കഴിഞ്ഞു. ഓരോ സ്കൂളുകളില്‍ നിന്നും ക്ഷണിച്ചിറങ്ങുമ്പോള്‍ പ്രോഗ്രാമിന് ഇത്തവണയും ചേട്ടന്മാരുടെ കോളേജിലേക്ക് ഞങ്ങളെല്ലാവരും വരും എന്ന അവരുടെ വാക്കുകള്‍ തയ്യാറെടുപ്പുകള്‍ ഒന്നൂടെ ഉഷാറാക്കുവാന്‍ പ്രചോദനമായി. ഒരു മാസം മുമ്പെങ്കിലും എല്ലാ സ്കൂളുകളെയും അറിയിച്ചാലേ അവര്‍ക്ക് പ്രാക്ടീസിനും മറ്റും വേണ്ടത്ര സമയം ലഭിക്കൂ എന്നുള്ളത് കൊണ്ട് ഏറ്റവും ആദ്യം പൂര്‍ത്തിയാക്കിയത് അവരെ കിരണത്തിന്‍റെ സമയവും മറ്റും അറിയിക്കുക എന്ന ചടങ്ങായിരുന്നു.
ട്രിച്ചൂര്‍ റോട്ടറി ക്ളബ് ഫണ്ടിന്‍റ ഒരു ഭാഗം സ്പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ട് വന്നത് വലിയൊരു ആശ്വാസമായെന്ന് മാത്രമല്ല 'കിരണം' എന്ന നമ്മുടെ കുട്ടികളുടെ ആശയത്തിന് കിട്ടിയ വലിയൊരു അംഗീകാരം കൂടെയായിരുന്നു. ക്ളബ് പ്രസിഡണ്ട് അഡ്വ: ആന്‍റോ ഡേവിസ് അക്കര സര്‍ ഒരു സ്പോണ്‍സര്‍ എന്നതിലുപരി പിന്നീട് എല്ലാ ഘട്ടത്തിലും കൂടെ തന്നെയുണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഒരു വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അവസരത്തിനും ഒയാസിസ് ഒരു നിമിത്തമായി. വാര്‍ത്ത സമ്മേളനത്തില്‍ സജികുമാര്‍ സാറും മുബാറക് സാറും ആന്‍റോ ഡേവിസ് സാറും സുബിനും പങ്കെടുത്തു. ഫെബ്രുവരി 8നായിരുന്നു അത്. കിരണം ഒരു വാര്‍ത്തയാവുക എന്നതിനപ്പുറം വാര്‍ത്തസമ്മേളനം കൊണ്ട് ഉദ്ധേശിച്ചത് കൂടുതല്‍ ആളുകളിലേക്ക് ഈ ആശയം എത്തിക്കുകയും അത് വഴി മറ്റു ജില്ലകളിലെ വിദ്യാലയങ്ങളിലും ഇത്തരം കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയും എന്ന സന്ദേശം നല്‍കാനുമായിരുന്നു. അത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. കോഴിക്കോട് നിന്നും മറ്റും ഒക്കെ വിദ്യാര്‍ത്ഥികള്‍ കിരണത്തിന്‍റെ വിശദാംശങ്ങള്‍ ചോദിച്ച് വിളിച്ച അനുഭവവുമുണ്ടായി
ഹരിത പെരുമാറ്റച്ചട്ടം എന്ന ആശയം നിലവില്‍ വന്നിട്ട് കുറച്ചു നാളായി. പൂര്‍ണമായും ആ ആശയം ഉള്‍ക്കൊണ്ട് ഒരു പ്രോഗ്രാം നടത്തി കാണിച്ച് കൊടുക്കണം എന്നൊരു ആഗ്രഹം വളണ്ടിയേഴ്സ് പലരും പങ്കു വെച്ചു. കുരുത്തോല, പനയോല, തെങ്ങോല എന്നിവയൊക്കെ ഇത്തവണത്തെ കിരണത്തിന്‍റെ പ്രധാന ഭാഗമായി മാറുന്നത് അങ്ങനെയാണ്. മൂന്ന് ദിവസത്തോളം യൂട്യൂബിനെ ഗുരുവാക്കി പണിയെടുത്താണ് വളണ്ടിയേഴ്സ് പല മനോഹര സൃഷ്ടികളും ഉണ്ടാക്കിയെടുത്തത്. പുതിയ തലമുറ മറന്ന് പോവുന്നു എന്ന് കാരണവന്മാര്‍ ഇടയ്ക്കെങ്കിലും പരാതി പറയാറുള്ള ഓല മടയല്‍, കുരുത്തോല കൊണ്ടുള്ള കര കൗശല വസ്തുക്കള്‍ എന്നിവയടെ നിര്‍മ്മാണം എന്നിവയിലൊക്കെ നമ്മുടെ പല വളണ്ടിയേഴ്സിനേയും വിദഗ്ദരാക്കാന്‍ കിരണം ഒരു നിമിത്തമാവുകയും ചെയ്തു.
ഫെബ്രുവരി 12ന് സാങ്കേതിക വിദ്യഭ്യാസ ഡയക്ടര്‍ Smt. ഇന്ദിരാദേവിയുടെ അധ്യക്ഷതയില്‍ കളക്ടര്‍ Smt. അനുപമ IAS ആണ് കിരണം’19 ഉദ്ഘാടനം ചെയ്തത്. കോളേജ് പ്രിന്‍സിപ്പളും മറ്റു വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. ശേഷം ഏഴ് വേദികളിലായി ആരംഭിച്ച സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ലളിത ഗാനം, ഫോക്ഡാൻസ്, സിനിമാറ്റിക് ഡാൻസ്, മിമിക്രി, മോണാ ആക്ട്, സംഘഗാനം, ഗ്രൂപ്പ്ഡാൻസ്, ഫാൻസി ഡ്രസ്സ്, പെയിന്‍റിഗ്, പെൻസിൽ
ഡ്രോയിംഗ് തുടങ്ങിയ ഇനങ്ങളില്‍ ഒരുപാട് കുരുന്നുകള്‍ പങ്കെടുത്തു. പതിവ് പോലെ ഫാന്‍സി ഡ്രസ്സും സിനിമാറ്റിക് ഡാന്‍സും ഒക്കെ വേറെ ലെവലായിരുന്നു. നമ്മള്‍ ഒത്തൊരുമിച്ച് നേരിട്ട മഹാപ്രളയമടക്കം ഒരുപാട് വിഷയങ്ങള്‍ ഫാന്‍സി ഡ്രസ്സിന്‍റെ ഭാഗമായി അവതരിപ്പിക്കുകയുണ്ടായി.
വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം അറുനൂറോളം പേരാണ് ഇത്തവണ കിരണത്തിനെത്തിയത്. ഇവര്‍ക്ക് രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണവും പങ്കെടുക്കുന്ന ഏല്ലാവര്‍ക്കുമുള്ള സമ്മാനങ്ങളും മറ്റുമൊക്കെയായിട്ടുള്ള ചെലവിലേക്കുള്ള തുകയിലേക്ക് എത്ര നോക്കിയിട്ടും എത്തിച്ചേരാന്‍ കഴിയാത്തൊരു സാഹചര്യം അതിനിടയിലുണ്ടായി. നമ്മളുടെ കോളേജിലെ അധ്യാപകരുടേയും പി.ടി.എ യുടേയും അലൂമിനി അസോസിയേഷന്‍റേയും സഹായം ലഭിച്ചതിനാല്‍ വളരെ നല്ല രീതിയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ വളണ്ടിയേഴ്സിന് കഴിഞ്ഞു. അവസാന നിമിഷത്തിലായതിനാല്‍ തന്നെ എല്ലാ അധ്യാപകരിലേക്കൊന്നും എത്താന്‍ സാധിച്ചില്ലെങ്കിലും കണ്ട് സംസാരിച്ച ഒരു അധ്യാപകനും വളണ്ടിയേഴ്സിനെ നിരാശരാക്കിയില്ല.
ഈ സെമസ്റ്ററില്‍ കോളേജില്‍ ഇഷ്ടം പോലെ പ്രോഗ്രാം നടക്കുന്നതിനാലാണ് ഒരു പ്രവൃത്തി ദിവസം പ്രോഗ്രാം നടത്താന്‍ നിര്‍ബന്ധിതരായത്. അതിനാല്‍ തന്നെ സ്റ്റേജുകളും ഗ്രീന്‍ റൂമുകളും മറ്റും ലഭ്യമാക്കാന്‍ ഒരുപാട് തടസ്സങ്ങളുണ്ടായിരുന്നു. നമ്മടെ പ്രിന്‍സിപ്പള്‍ ജയാനന്ദ് സാറിന്‍റെ പിന്തുണയും പെര്‍മിഷനുകളും തടസ്സമില്ലാതെ ലഭിച്ചതിനാല്‍ ഇത്തിരി ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും എല്ലാം നല്ല രീതിയില്‍ പ്ളാന്‍ ചെയ്തത് പോലെ നടത്താന്‍ കഴിഞ്ഞു.
അവസാനം വരെ വളണ്ടിയേഴ്സ് ആത്മാര്‍ത്ഥമായി പരിശ്രമിച്ചത് പരാമര്‍ശിക്കാതെ കിരണം'19 ഓര്‍മിക്കാനാവില്ല. സാധാരണ കുരുന്നുകളെ പരിചരിക്കുന്നതിനേക്കാള്‍ ഒരല്‍പം ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കിലേ ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങളെ പരിചരിക്കാന്‍ കഴിയൂ. അത് കൊണ്ട് തന്നെ വളണ്ടിയറിങ്ങിന്‍റെ പ്രാധാന്യവും മറ്റും അവരെ ആദ്യമേ പറഞ്ഞ് മനസ്സിലാക്കിയിരുന്നു. അതിന്‍റെയൊന്നും ഒരാവശ്യവുമില്ലായിരുന്നു എന്ന് തോന്നിപ്പിക്കും വിധമായിരുന്നു നമ്മുടെ പിള്ളേരുടെ വളണ്ടിയറിംഗ്. ഒരോ കുട്ടികളെയും ഗ്രീന്‍ റൂമിലെത്തിക്കാനും അവരുടെ മല്‍സരയിനം നടക്കുന്ന വേദികളിലെത്തിക്കാനുമെല്ലാം അവരെല്ലാവരും മുന്നില്‍ തന്നെയുണ്ടായിരുന്നു. ഫസ്റ്റ് ഇയേഴ്സിലെ പിള്ളേരൊന്നും സത്യം പറഞ്ഞാല്‍ ഒരു രക്ഷയുമില്ലായിരുന്നു. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം ഡിസ്പോസിബിള്‍ പ്ളേറ്റ് ഒഴിവാക്കി ഫൈബര്‍ പാത്രത്തിലാണ് ഭക്ഷണം കൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. ആവശ്യമായത്രയും പ്ളേറ്റ് കണ്ടെത്താനാവാത്ത അവസ്ഥയായിരുന്നു അവസാന നിമിഷവും. ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്ന സമയത്ത് ഇനി പ്ളേറ്റ് എവ്ടുന്ന് ഒപ്പിക്കും എന്നാലോചിച്ച് നില്‍ക്കുന്നതിനിടയിലാണ് ഫസ്റ്റിയേഴ്സ് പാത്രം എടുത്ത് കഴുകി വെക്കുന്നത് കണ്ടത്. അവരോട് പറയാത്ത ഒരു വര്‍ക് എന്നതിനപ്പുറം അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നതായത് കൊണ്ട് തന്നെ അത് കണ്ടപ്പോള്‍ വല്ലാത്ത ഒരു സന്തോഷമായിരുന്നു.
ഏറ്റെടുത്ത ഓരോ ജോലികളും എല്ലാവരും സമയബന്ധിതമായി തീര്‍ത്തതിനാല്‍ തന്നെ പരിപാടി കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങിയ സമയത്ത് പങ്കടുത്ത എല്ലാ കുട്ടികള്‍ക്കുമുള്ള ട്രോഫികളും പ്രഖ്യാപിച്ച ഫലങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും അവരെ ഏല്‍പിച്ച് സന്തോഷത്തോടെ അവരെ യാത്രയാക്കാനായി.
മല്‍സരത്തില്‍ പങ്കെടുക്കാന്‍ വന്ന അസുഖബാധിതനായ ഒരു കുട്ടിയുടെ ചികില്‍സ ചെലവ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന പത്രപ്രവര്‍ത്തകര്‍ വഴി ഒരു വ്യക്തി ഏറ്റടുക്കാന്‍ സന്നദ്ധനായി എന്നൊരു ശുഭവാര്‍ത്തയും കിരണം കഴിഞ്ഞ് അറിയാന്‍ കഴിഞ്ഞു.
മനസ്സിലാക്കിയിടത്തോളം നമ്മള്‍ വളണ്ടിയേഴ്സും കാണികളും കാത്തിരിക്കുന്നതിനേക്കാള്‍ ഇത്തരം വേദികളില്‍ അവരവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും പ്രോല്‍സാഹനങ്ങള്‍ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നത് ഇത്തരം കുരുന്നുകളാണ്. അവര്‍ക്ക് അത്തരം അവസരങ്ങള്‍ തുറന്നു കൊടുക്കാനും സമൂഹത്തില്‍ കൂടുതല്‍ അംഗീകാരങ്ങള്‍ നേടിക്കൊടുക്കാനുമുള്ള ആശയങ്ങളും പ്രവര്‍ത്തനങ്ങളും ഇനിയും ഒരുപാട് ഉയര്‍ന്ന് വരേണ്ടതുണ്ട്. Diffrently Abled എന്നതിന് പകരം Specially Abled എന്ന് നമ്മള്‍ വിളിക്കുന്നതിനെ അന്വര്‍ത്ഥമാക്കും വിധം എല്ലാ മേഖലകളിലും നമ്മളേക്കാള്‍ ഒരു പടി മുന്നിലാണെന്ന് അവര്‍ ലഭിക്കുന്ന ഓരോ അവസരങ്ങളിലും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. അത്തരം ഒരുപാടൊരുപാട് ആശയങ്ങളും പ്രവര്‍ത്തനങ്ങളും ഉയര്‍ന്ന് വരാന്‍ കിരണം ഒരു പ്രചോദനമാവട്ടെ.